ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍  അംഗനമാരുടെ അങ്കം

ചെങ്ങന്നൂര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിലെ വാര്‍ഡില്‍ അംഗനമാരുടെ പോരാട്ടത്തിന് അവസാന നിമിഷവും ആവേശത്തിന്‍െറ തിരയിളക്കം. 
മന്ത്രിയുടെ കുടുംബവീട് ഉള്‍ക്കൊള്ളുന്ന ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ വനിതാ സംവരണമായ 14ാം വാര്‍ഡില്‍ ഇടതുപക്ഷവും വലതുപക്ഷവും എന്‍.ഡി.എ സ്ഥാനാര്‍ഥിയും വാശിയോടെയാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിലെ പ്രസന്ന വിനോദും സി.പി.എമ്മിലെ വിനീതകുമാരിയും എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍മല രാജനും വാര്‍ഡ് പിടിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ്. പോരാട്ടം കടുത്തതാവുകയും വീഴ്ചയുണ്ടായാല്‍ നാണക്കേടാണെന്നും തിരിച്ചറിഞ്ഞ് മന്ത്രിതന്നെ തന്‍െറ വാര്‍ഡില്‍ പ്രചാരണത്തിന് ഇറങ്ങി. റോഡ്ഷോയിലൂടെ വാര്‍ഡിലെ എല്ലാ ഇടവഴികളിലൂടെയും തുറന്ന ജീപ്പിലാണ് രമേശ് ചെന്നിത്തല കടന്നുപോയത്. കോണ്‍ഗ്രസിന്‍െറ സിറ്റിങ് വാര്‍ഡാണിത്. എന്നാല്‍, ഇത്തവണ തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് ഇടതുപക്ഷം. അതിന് ഇടതുപ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും വാര്‍ഡിലുണ്ട്. മന്ത്രി ചെന്നിത്തലയുടെ വാര്‍ഡ് പിടിച്ചാല്‍ അത് വലിയ ബഹുമതിയാകുമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനുള്ളത്. എന്നാല്‍, അതത്ര എളുപ്പമല്ളെന്നും അവര്‍ക്ക് അറിയാം. പഴുതില്ലാത്ത പ്രചാരണമാണ് യു.ഡി.എഫും നടത്തിവരുന്നത്.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍െറ വാര്‍ഡിലും മത്സരത്തിന് കടുപ്പമേറെ. മാവേലിക്കരയെ ദീര്‍ഘകാലം നിയമസഭയില്‍ പ്രതിനിധാനംചെയ്യുകയും കഴിഞ്ഞതവണ കായംകുളത്ത് പരാജയപ്പെടുകയും ചെയ്ത എം. മുരളിയുടെ വാര്‍ഡായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെറുകോലിലും വനിതകളാണ് അങ്കംകുറിക്കുന്നത്. കോണ്‍ഗ്രസിലെ രാധ രവീന്ദ്രന്‍, ഇടതുപക്ഷ ആര്‍.എസ്.പിയുടെ ബിന്ദു, ബി.ജെ.പിയുടെ ആശ എന്നിവരാണ് മത്സരരംഗത്ത്. മുരളിയുടെ സഹോദരന്‍ എം. ശ്രീകുമാറായിരുന്നു വാര്‍ഡിനെ പ്രതിനിധാനംചെയ്തിരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.